Thursday, May 17, 2007

സഹീറ

കുന്നുപോലെ വളര്‍ന്നപ്പോള്‍
തീപിടിച്ചു
അച്ഛന്റെ നെഞ്ചിന്‌

പുര നിറഞ്ഞവളുടെ പുഞ്ചിരി
പുറത്തേക്കൊഴുകിയപ്പോള്‍
പടര്‍ന്നു
അമ്മയുടെ ഹൃദയത്തിലേക്കും

_________________________

ഒഴിവുദിന രാവിന്റെ
ആഘോഷത്തിമര്‍പ്പില്‍
ഇടക്കു കയറി വിറച്ചത്‌
മരുഭൂമി പോലെ പൊള്ളുന്നതായിരുന്നു.

ഡസേര്‍ട്ട്‌ ഡിന്നറിന്റെ
സ്വാദൂറും ഗന്ധങ്ങളിലേക്ക്‌
അനുവാദമില്ലാതെ വന്ന
കരിഞ്ഞ മണം
ബലി നൃത്തച്ചുവടുകളെ
മൂടിക്കളഞ്ഞ ധൂമപാളികള്‍

എരിയുന്ന നെഞ്ചിലെ തീയണക്കാന്‍
സ്വയം കത്തിച്ചു മിനുക്കിത്തേച്ച
മേഘത്തണുപ്പിലേക്ക്‌ നീളുന്ന
തണുത്ത പാദമുദ്രകള്‍

_________________________

ആഘോഷാന്ത്യത്തില്‍
വഴി തെറ്റിയോരേകാന്തതയില്‍
കാടുപിടിച്ച തറവാടുമുറ്റം
ചളിക്കുപ്പാഴം ചുരുട്ടിപ്പിടിച്ച്‌
ഒരു കുസൃതി നിന്നു ചിണുങ്ങുന്നു
കയ്യിലുള്ള മിഠായിയും തട്ടിപ്പറിച്ച്‌
ദൂരെ മാറി
എന്നെ നോക്കിച്ചിരിക്കുന്നു

പൊന്മണല്‍ ഞൊറികളില്‍
പവിഴം ചിതറിയപ്പോള്‍
നിലാവിന്റെ മനസ്സോടെ
ഞാനും ചിരിച്ചു
സഹീറക്കുട്ടീ........

9 comments:

shebi.... said...

കുന്നുപോലെ വളര്‍ന്നപ്പോള്‍
തീപിടിച്ചു
അച്ചന്റെ നെഞ്ചിന്‌

ടി.പി.വിനോദ് said...

വളരുന്തോറും വേവലാതിയേറ്റുന്ന എത്രയെത്ര വാക്കുകള്‍..അല്ലേ?
കവിത ഇഷ്ടമായി..വിഭജിതമായ ഘടന ഒന്നു ബുദ്ധിമുട്ടിച്ചെങ്കിലും....:)

വിനയന്‍ said...

“കാടുപിടിച്ച തറവാടുമുറ്റം
ചളിക്കുപ്പാഴം ചുരുട്ടിപ്പിടിച്ച്‌
ഒരു കുസൃതി നിന്നു ചിണുങ്ങുന്നു
കയ്യിലുള്ള മിഠായിയും തട്ടിപ്പറിച്ച്‌
ദൂരെ മാറി
എന്നെ നോക്കിച്ചിരിക്കുന്നു“

സുനീ വരികള്‍ മനസ്സില്‍ അറിയാതെ കുറെ അസ്വസ്ഥതകള്‍ ഉണര്‍ത്തുന്നു...

കുത്തി നോവിക്കുന്ന വരികള്‍...

നന്ദി, ആശംസകള്‍

Sona said...

പൊന്മണല്‍ ഞൊറികളില്‍
പവിഴം ചിതറിയപ്പോള്‍
നിലാവിന്റെ മനസ്സോടെ
ഞാനും ചിരിച്ചു....
നല്ല കവിത..നല്ല വരികള്‍..

rahman said...

മിമിക്രിസ്റ്റ് ബൈജു പറഞ്ഞപോലെ നീയെന്തിനാടാ എന്നെയിങ്ങനെ കരയിപ്പിക്കുന്നത്. കവിത നന്നായി.

ചില നേരത്ത്.. said...

നമ്മള്‍, ഒരവധി ദിനത്തില്‍ പങ്കുവെച്ച, ആശങ്ക നിറഞ്ഞ, ഒരു പെണ്‍കുട്ടിയുടെ എരിഞ്ഞു തീരല്‍(പ്രണയനൈരാശ്യത്താല്‍), ഒരു കവിതയിലേക്ക് പകര്‍ത്തുമ്പോള്‍ കുറച്ച് കൂടെ തീവ്രമാകുമെന്ന് കരുതിയിരുന്നു. കവിതയ്ക്ക് തനത് ഭംഗിയുണ്ട്. പക്ഷേ ആ എരിഞ്ഞ് തീരലിനോടുള്ള പ്രതിഷേധമാകുന്നില്ല എന്നേയുള്ളൂ. എനിക്കതിന് നിര്‍ബന്ധിക്കാനാകില്ലല്ലോ.

സക്കീര്‍ മുക്കം said...

നന്നായിരിക്കുന്നു.....എന്നതിനപ്പുറം......നന്നായി

സക്കീര്‍ മുക്കം said...

നന്നായി....എന്നതിനപ്പുറം.....നന്നായി

നസീര്‍ കടിക്കാട്‌ said...

കവിത നന്നാവുന്നു.