Friday, November 24, 2006

ചുവന്ന അക്ഷരങ്ങള്‍




കവിതയ്ക്കായ് കാത്തുകിടന്ന
തണുത്ത രാത്രിയില്‍
കരിമേഘങ്ങള്‍ക്കിടയില്‍ നിന്ന്
ചന്ദ്രലേഖ എന്ന പോലെ
മസ്തിഷ്കത്തിനും ഹൃദയത്തിനും
മധ്യേ മുമ്പെങ്ങോ കുഴിച്ചു മൂടിയ
ചില സത്യങ്ങള്‍ തുറിച്ചുനോക്കി

മഴയായ് പെയ്യും മുമ്പേ
ബാഷ്‌പീകരിച്ച വാക്കുകള്‍
ആകാശത്തേക്ക് ഉയര്‍ന്നു

വരികള്‍ക്കായ് പിന്നെ
നിയോണ്‍ വെളിച്ചത്തില്‍
മുങ്ങിയ നഗരപ്രതിമ മുതലങ്ങോട്ട്
ഒന്നു തൊടും മുമ്പേ വീണുടാഞ്ഞ
വളപ്പൊട്ടുകളായ് ഒരിക്കല്‍ കൂടി
ബിംബങ്ങളെല്ലാം ചിതറിയുടഞ്ഞങ്കിലും
കസവുനൂലില്‍ തുന്നിയ
വാക്യങ്ങളില്‍ കണ്ണീര് മറക്കും മുമ്പേ
വഴിവക്കിലെ തിളങ്ങുന്ന
മഞ്ചാടിത്തുള്ളികളില്‍
ഞാനെന്റെ ചുവന്ന അക്ഷരങ്ങള്‍
ആരും കാണാതെ പെറുക്കിയെടുത്തു.