Saturday, February 10, 2007

ആത്മീയതയെക്കുറിച്ച്‌ മൂന്ന് കവിതകള്‍

സത്യം

ആരാധനയുടെ തടവറയില്‍ നിന്നും
മോചിപ്പിച്ചപ്പോള്‍
അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു
സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍
സത്യത്തിന്റെ സൗന്ദര്യം
മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്‌
അയാളെ നയിച്ചു

സൗന്ദര്യം

കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും
മുക്തി നേടിയപ്പോള്‍
അയാള്‍ക്കു മുമ്പില്‍
ഉടയാടകളഴിഞ്ഞു വീണു
അവളുടെ നഗ്നസൗന്ദര്യം
അയാളുടെ ഹൃദയത്തെ
തെളിച്ചമുള്ളതാക്കി

മോക്ഷം

അഭയത്തിന്റെ തുരുത്തുകളോരോന്നായ്‌
താഴ്‌ന്നുപോയപ്പോള്‍
അവളാകാശത്തു നിന്നും
ഒരു നോട്ടമെറിഞ്ഞു
ദീപ്തമാം സ്നേഹധാരയില്‍
അയാള്‍ മോക്ഷത്തിന്റെ
ആഴങ്ങളിലേക്കാണ്ടു

Tuesday, February 6, 2007

രാത്രി

രാവിനെ കറുപ്പിച്ചത്
പകലിനെ പുതപ്പിക്കാനാണ്
സ്വപ്നങ്ങള്‍ക്കെപ്പോഴും
കറുത്ത തിരശ്ശീലെയിലേ തെളിച്ചമുള്ളൂ
മുഖം മനസ്സിന്റെ കണ്ണാടിയെങ്കില്‍
ആകാശത്തിനും ഭൂമിക്കുമിടയിലുള്ള
പ്രതിഫലനരാഹിത്യമാണ് രാത്രി

നിഗൂഡതയുടെ ആകാശത്ത് നിന്ന്
പര്‍ദ്ദയണിഞ്ഞാണ് സ്വപ്നങ്ങളെത്താറ്
കടലിന്റെ ആഴങ്ങളിലെ ഇരുട്ട്
മുത്തും പവിഴവും വിരിയിക്കുന്നു

ഇരുണ്ടയിടങ്ങളില്‍ വേലികള്‍ തകരുന്നു
കെട്ടിനിര്‍ത്തിയ സ്നേഹം പരന്നൊഴുകുന്നു
യുവാക്കളും കവികളും വേശ്യകളും
വെണ്‍ചന്ദ്രനും നക്ഷത്രങ്ങളും പാട്ടുകാരും
അനന്തസ്നേഹാനുഭൂതിയില്‍ നീന്തിത്തുടിക്കുന്നു
പ്രഭാതത്തില്‍ പൂക്കള്‍ വിരിയുന്നു.

(ഭാഷാപോഷിണി - നവ. 2006)