Tuesday, February 6, 2007

രാത്രി

രാവിനെ കറുപ്പിച്ചത്
പകലിനെ പുതപ്പിക്കാനാണ്
സ്വപ്നങ്ങള്‍ക്കെപ്പോഴും
കറുത്ത തിരശ്ശീലെയിലേ തെളിച്ചമുള്ളൂ
മുഖം മനസ്സിന്റെ കണ്ണാടിയെങ്കില്‍
ആകാശത്തിനും ഭൂമിക്കുമിടയിലുള്ള
പ്രതിഫലനരാഹിത്യമാണ് രാത്രി

നിഗൂഡതയുടെ ആകാശത്ത് നിന്ന്
പര്‍ദ്ദയണിഞ്ഞാണ് സ്വപ്നങ്ങളെത്താറ്
കടലിന്റെ ആഴങ്ങളിലെ ഇരുട്ട്
മുത്തും പവിഴവും വിരിയിക്കുന്നു

ഇരുണ്ടയിടങ്ങളില്‍ വേലികള്‍ തകരുന്നു
കെട്ടിനിര്‍ത്തിയ സ്നേഹം പരന്നൊഴുകുന്നു
യുവാക്കളും കവികളും വേശ്യകളും
വെണ്‍ചന്ദ്രനും നക്ഷത്രങ്ങളും പാട്ടുകാരും
അനന്തസ്നേഹാനുഭൂതിയില്‍ നീന്തിത്തുടിക്കുന്നു
പ്രഭാതത്തില്‍ പൂക്കള്‍ വിരിയുന്നു.

(ഭാഷാപോഷിണി - നവ. 2006)

8 comments:

Unknown said...

‘ഇരുണ്ടയിടങ്ങളില്‍ വേലികള്‍ തകരുന്നു
കെട്ടിനിര്‍ത്തിയ സ്നേഹം പരന്നൊഴുകുന്നു‘

നന്നായിട്ടൂണ്ട് സുനില്‍.:)

വിനയന്‍ said...

സുനീ
രാവിനെ എത്ര നാള്‍ നാം ആഘോഷിക്കും.നീണ്ട രാവ് നിങ്ങളെ പകലിന് കൊതിയുള്‍ലവനാക്കില്ലേ.
വെണ്‍ ചന്ദ്രനില്ലാത്ത രാവിനെ ഞാന്‍ ഭയപ്പെടുന്നു.

സുനീ നന്നായിരികുന്നു,വരികള്‍ നറുനിലാവായ് ഇനിയും പരനൊഴുകട്ടെ ........

വല്യമ്മായി said...

ശരീരത്തിന്റെ കെട്ടുപാടുകളില്‍നിന്നു വിട്ട് ആത്മാവ് നടക്കാനിറങ്ങുകയല്ലേ രാത്രി,ആശിച്ചത് പലതും നടന്നെന്ന് സ്വപ്നം കാണുന്നത് അതു കൊണ്ടാകും.

നല്ല ആശയം.ഇരുട്ടില്‍ മുഖം മൂടികളുടെ ആവശ്യമില്ലല്ലോ അല്ലേ.

ആശംസകള്‍

ചില നേരത്ത്.. said...

സുനിലിന്റെ കവിതകളെപ്പോഴും മൌനമായി ആഘോഷിക്കാന്‍ വാക്കുകള്‍ പകരാറുണ്ട്.
‘രാത്രി’ മുന്തിയ വീഞ്ഞാണ്.

വിചാരം said...

നമ്മുടെ കവി അക്കിത്തം നമ്മുക്കായ് നല്‍കിയ രണ്ടു വരികള്‍ എത്ര മനോഹരം
വെളിച്ചം ദു:ഖമാണുണ്ണി
തമസ്സല്ലയോ സുഖപ്രദം

ഇരുട്ടിനെ സ്നേഹിക്കാത്തവരാരാ ?
ദു:ഖത്തെ മനസ്സില്‍ നിന്നകറ്റാന്‍ ഇരുട്ടല്ലയോ ഉത്തമം
വെളിച്ചം കാപഠ്യങ്ങളുടെ ലോകം കാഴ്ചകളാക്കുന്നു
ഏകരൂപ, ഏകനിറത്താല്‍ തമസ്സ് സ്വപ്നങ്ങള്‍ക്ക് പായ വിരിക്കുന്നു

കവിത നന്നായിരിക്കുന്നു

Sona said...

നല്ല കവിത. “സ്വപ്നങ്ങള്‍ക്കെപ്പോഴും
കറുത്ത തിരശ്ശീലെയിലേ തെളിച്ചമുള്ളൂ“ ശരിയാണ് സുനില്‍..നല്ല വരി.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

വായിച്ചു, ഇഷ്ടമായി.

mumsy-മുംസി said...

നല്ലത് ...കാണാന്‍ വൈകി.
ഇനിയും വരാം