ഒരു കേക്കിന്റെ അന്ത്യമൊഴി
(ഇന്ന് എന്റെ പിറന്നാള്‍, മരണത്തിലേക്കുള്ള ഒരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു എന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തുന്ന ദിവസം, ഒരു പിറന്നാള്‍ ആഘോഷത്തിനിടെ വീണു കിട്ടിയതാണ് ഈ കവിത)
ആഘോഷാരവങ്ങള്‍ക്കിടയില്‍
ആരു കേള്‍ക്കും
ബലിയാവുന്നവളുടെ ശബ്ദം
മുറിക്കപ്പെടുന്നതെങ്കിലും
പറയാന്‍ കാണും
എനിക്കും ചിലത്
മധുരമിശ്രണത്തില്‍
യോജ്യമായ ചൂടില്‍
പിറവി കൊണ്ടതിന്റെ
സായൂജ്യത്തെക്കുറിച്ച്
നിറങ്ങളില്‍ ഉടുത്തൊരുങ്ങിയപ്പോള്‍
സ്വന്തം സൌന്ദര്യത്തില്‍
ആര്‍ദ്രത പൂണ്ടതിനെക്കുറിച്ച്
പൊട്ടുതൊട്ട്
ആദ്യയാത്രക്കൊരുങ്ങിയതിന്റെ
ആഹ്ലാദത്തെപ്പറ്റി
സ്വീകരണമുറിയില്‍
പ്രിയനെക്കാത്തിരിക്കുമ്പോള്‍
മൂര്‍ദ്ദാവില്‍ അപ്രതീക്ഷിതം ആഴ്ന്നിറങ്ങുന്ന
വേദനയെക്കുറിച്ച്
അന്ത്യനിമിഷത്തില്‍ പക്ഷേ
നിങ്ങളുടെ സന്തോഷത്തില്‍
മധുരമാകാന്‍ കഴിഞ്ഞതിന്റെ
ചാരിതാര്‍ത്ഥ്യത്തെക്കുറിച്ച്
ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുന്നത്
8 comments:
പിറന്നാളിന്റെ ആരവത്തിനിടയില്‍ കേക്കിന്റെ,
അന്ത്യകൂദാശ പകര്‍ത്തിയെഴുതിയത് മനോഹരമായിരിക്കുന്നു.
കവിത വളരെ നന്നായിരിക്കുന്നു സുനില്‍.ആ ലാളിത്യം എനിക്കേറെയിഷ്ടപ്പെട്ടു.
നമുക്കു ചുറ്റും നടക്കുന്ന ഓരോ ആഘോഷത്തിമിര്‍പ്പിന്റെ പിന്നാമ്പുറങ്ങളിലേക്കും ഒന്നെത്തിനോക്കാന്‍ മനസ്സുണ്ടായാല് ഒരു പാട് വേദനയുടെയും കണ്ണീരിന്റെയും കഥകള്‍ അവിടെ നിരന്നു നില്ക്കുന്ന കാഴ്ചയാണ് കാണുക.
‘ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുമ്പോള്‍ ‘
ഈ വരികളില്‍ ഒരു അപൂര്‍ണ്ണത തോന്നിക്കുന്നതില്‍ ആശയവ്യത്യാസമില്ലാതെ ചില മാറ്റം വരുത്തിയാല്‍ കൂടുതല്‍ നന്നായിരിക്കും.
പിറന്നാളാശംസകള്‍:).കേക്കിന്റെ അന്ത്യമൊഴി ഇഷ്ടപ്പെട്ടു.
പിറന്നാളാശംസകള്‍.
കവിത വ്യത്യസ്തം. :)
ലളിതസുന്ദരം കവിത...
ജന്മദിനാശംസകള്...
ഒരാള്‍ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, ഒരു കേക്ക്, മരണത്തിലേക്ക് നടക്കുന്നു. ആഘോഷങ്ങള്‍ ഒക്കെത്തന്നെയും, ഓരോന്നിനെ കൊന്നുകൊണ്ട് അല്ലേ നടക്കുന്നത്? കേക്ക് ആയാലും, മൃഗങ്ങള്‍ ആയാലും.
നന്നായിരിക്കുന്നു. :)
കവിതയെ കേക്കിന്റെ ഭാഷയില്‍ വായിച്ചതിന് എല്ലാവര്ക്കും നന്ദി. പൊതുവാളന്‍ ഒരു ചെറിയ തെറ്റ് പറ്റിയതാണ് അവസാനത്തെ ഭാഗം
“ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുന്നത്
എന്നാണ്. അപൂര്‍ണ്ണത ശ്രദ്ധയില്‍പെടുത്തിയതിന് നന്ദി
ഇബ്രു,പീലിക്കുട്ടി,മുല്ലപ്പൂ, ലാപുട, സു ചേച്ചി അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി.
"ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുന്നത് "
സുനീ നന്നായിരിക്കുന്നു.
ഒരു പച്ച നിറത്തിനായ് മാത്രം ചരിഞ്ഞ് വിളക്കുകാലിലേക്ക് നോക്കി നില്ക്കുന്നു.
Post a Comment