Friday, November 24, 2006

ചുവന്ന അക്ഷരങ്ങള്‍




കവിതയ്ക്കായ് കാത്തുകിടന്ന
തണുത്ത രാത്രിയില്‍
കരിമേഘങ്ങള്‍ക്കിടയില്‍ നിന്ന്
ചന്ദ്രലേഖ എന്ന പോലെ
മസ്തിഷ്കത്തിനും ഹൃദയത്തിനും
മധ്യേ മുമ്പെങ്ങോ കുഴിച്ചു മൂടിയ
ചില സത്യങ്ങള്‍ തുറിച്ചുനോക്കി

മഴയായ് പെയ്യും മുമ്പേ
ബാഷ്‌പീകരിച്ച വാക്കുകള്‍
ആകാശത്തേക്ക് ഉയര്‍ന്നു

വരികള്‍ക്കായ് പിന്നെ
നിയോണ്‍ വെളിച്ചത്തില്‍
മുങ്ങിയ നഗരപ്രതിമ മുതലങ്ങോട്ട്
ഒന്നു തൊടും മുമ്പേ വീണുടാഞ്ഞ
വളപ്പൊട്ടുകളായ് ഒരിക്കല്‍ കൂടി
ബിംബങ്ങളെല്ലാം ചിതറിയുടഞ്ഞങ്കിലും
കസവുനൂലില്‍ തുന്നിയ
വാക്യങ്ങളില്‍ കണ്ണീര് മറക്കും മുമ്പേ
വഴിവക്കിലെ തിളങ്ങുന്ന
മഞ്ചാടിത്തുള്ളികളില്‍
ഞാനെന്റെ ചുവന്ന അക്ഷരങ്ങള്‍
ആരും കാണാതെ പെറുക്കിയെടുത്തു.

5 comments:

thoufi | തൗഫി said...

നന്നായിരിക്കുന്നു,സുനില്‍
താങ്കളില്‍ നിന്ന് സൂഫിസത്തെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹമുണ്ട്

shebi.... said...

മിന്നാമിനുങ്ങ് നിങ്ങളുടെ കമന്റിനു നന്ദി. സൂഫിസത്തെക്കുറിച്ച് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകങ്ങളിലും മറ്റ് ഉറവിടങ്ങളിലൂടെയും. എന്റെ അനുഭവവും ബോധ്യങ്ങളും തീര്‍ച്ചയായും ഞാന്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ എഴുതുന്നതാണ്

വല്യമ്മായി said...

നല്ല കവിത.ആദ്യ വരിയില്‍ "കവിതക്കായ്" എന്നാണോ

ചില നേരത്ത്.. said...

കവിതകള്‍ പൂക്കുന്ന ഏതോ ഋതുക്കാലമാണ് ബ്ലോഗിലിപ്പോള്‍.
തിരക്കുകള്‍ ഒഴിയാന്‍ കാത്തിരിക്കുന്നത് ഈ സുഗന്ധങ്ങളില്‍ അലിയാന്‍ വേണ്ടിയാണ്.
മറ്റൊരു മനോഹരമായ കവിത!!
കവിതയ്ക്കുള്ള കാത്തിരിപ്പിനിടയ്ക്ക് കവി മുമ്പെപ്പോഴോ കളഞ്ഞ് പോയ വാക്കുകള്‍
മനോഹരമായി പെറുക്കിയെടുക്കുന്നു.
നന്ദി
സുനില്‍.

rahman said...

കവിത ഒന്നിനൊന്നു മെച്ചം
നന്ദി...
അറിയാതെ ഓര്‍മകളുടെ തീരത്തെത്തിപ്പെട്ടപോലെ...
കവിയെ എന്നു കാണും