Thursday, May 17, 2007

സഹീറ

കുന്നുപോലെ വളര്‍ന്നപ്പോള്‍
തീപിടിച്ചു
അച്ഛന്റെ നെഞ്ചിന്‌

പുര നിറഞ്ഞവളുടെ പുഞ്ചിരി
പുറത്തേക്കൊഴുകിയപ്പോള്‍
പടര്‍ന്നു
അമ്മയുടെ ഹൃദയത്തിലേക്കും

_________________________

ഒഴിവുദിന രാവിന്റെ
ആഘോഷത്തിമര്‍പ്പില്‍
ഇടക്കു കയറി വിറച്ചത്‌
മരുഭൂമി പോലെ പൊള്ളുന്നതായിരുന്നു.

ഡസേര്‍ട്ട്‌ ഡിന്നറിന്റെ
സ്വാദൂറും ഗന്ധങ്ങളിലേക്ക്‌
അനുവാദമില്ലാതെ വന്ന
കരിഞ്ഞ മണം
ബലി നൃത്തച്ചുവടുകളെ
മൂടിക്കളഞ്ഞ ധൂമപാളികള്‍

എരിയുന്ന നെഞ്ചിലെ തീയണക്കാന്‍
സ്വയം കത്തിച്ചു മിനുക്കിത്തേച്ച
മേഘത്തണുപ്പിലേക്ക്‌ നീളുന്ന
തണുത്ത പാദമുദ്രകള്‍

_________________________

ആഘോഷാന്ത്യത്തില്‍
വഴി തെറ്റിയോരേകാന്തതയില്‍
കാടുപിടിച്ച തറവാടുമുറ്റം
ചളിക്കുപ്പാഴം ചുരുട്ടിപ്പിടിച്ച്‌
ഒരു കുസൃതി നിന്നു ചിണുങ്ങുന്നു
കയ്യിലുള്ള മിഠായിയും തട്ടിപ്പറിച്ച്‌
ദൂരെ മാറി
എന്നെ നോക്കിച്ചിരിക്കുന്നു

പൊന്മണല്‍ ഞൊറികളില്‍
പവിഴം ചിതറിയപ്പോള്‍
നിലാവിന്റെ മനസ്സോടെ
ഞാനും ചിരിച്ചു
സഹീറക്കുട്ടീ........

Saturday, February 10, 2007

ആത്മീയതയെക്കുറിച്ച്‌ മൂന്ന് കവിതകള്‍

സത്യം

ആരാധനയുടെ തടവറയില്‍ നിന്നും
മോചിപ്പിച്ചപ്പോള്‍
അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു
സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍
സത്യത്തിന്റെ സൗന്ദര്യം
മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്‌
അയാളെ നയിച്ചു

സൗന്ദര്യം

കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും
മുക്തി നേടിയപ്പോള്‍
അയാള്‍ക്കു മുമ്പില്‍
ഉടയാടകളഴിഞ്ഞു വീണു
അവളുടെ നഗ്നസൗന്ദര്യം
അയാളുടെ ഹൃദയത്തെ
തെളിച്ചമുള്ളതാക്കി

മോക്ഷം

അഭയത്തിന്റെ തുരുത്തുകളോരോന്നായ്‌
താഴ്‌ന്നുപോയപ്പോള്‍
അവളാകാശത്തു നിന്നും
ഒരു നോട്ടമെറിഞ്ഞു
ദീപ്തമാം സ്നേഹധാരയില്‍
അയാള്‍ മോക്ഷത്തിന്റെ
ആഴങ്ങളിലേക്കാണ്ടു

Tuesday, February 6, 2007

രാത്രി

രാവിനെ കറുപ്പിച്ചത്
പകലിനെ പുതപ്പിക്കാനാണ്
സ്വപ്നങ്ങള്‍ക്കെപ്പോഴും
കറുത്ത തിരശ്ശീലെയിലേ തെളിച്ചമുള്ളൂ
മുഖം മനസ്സിന്റെ കണ്ണാടിയെങ്കില്‍
ആകാശത്തിനും ഭൂമിക്കുമിടയിലുള്ള
പ്രതിഫലനരാഹിത്യമാണ് രാത്രി

നിഗൂഡതയുടെ ആകാശത്ത് നിന്ന്
പര്‍ദ്ദയണിഞ്ഞാണ് സ്വപ്നങ്ങളെത്താറ്
കടലിന്റെ ആഴങ്ങളിലെ ഇരുട്ട്
മുത്തും പവിഴവും വിരിയിക്കുന്നു

ഇരുണ്ടയിടങ്ങളില്‍ വേലികള്‍ തകരുന്നു
കെട്ടിനിര്‍ത്തിയ സ്നേഹം പരന്നൊഴുകുന്നു
യുവാക്കളും കവികളും വേശ്യകളും
വെണ്‍ചന്ദ്രനും നക്ഷത്രങ്ങളും പാട്ടുകാരും
അനന്തസ്നേഹാനുഭൂതിയില്‍ നീന്തിത്തുടിക്കുന്നു
പ്രഭാതത്തില്‍ പൂക്കള്‍ വിരിയുന്നു.

(ഭാഷാപോഷിണി - നവ. 2006)

Sunday, January 21, 2007

ശലഭം

അന്ന്
നിശ്വാസങ്ങളില്‍
പരസ്പരം വിയര്‍ത്തപ്പോള്‍

രാവിന്റെ പുതപ്പും കഴിഞ്ഞ്
ആത്മാവിനും മീതേയ്ക്കു നീളുന്ന
അതിരുകളറിയാത്ത ചിറകുകള്‍
നിന്നിലൂടെ
പറന്നുയരുമ്പോള്‍

രതിയുടെ പൂങ്കാവനങ്ങളില്‍
പല പൂക്കളെ മണത്ത്
പരാഗം പകര്‍ന്ന്
തേന്‍ നുകര്‍ന്നു

ഇന്ന്
നീയില്ലാത്ത തണുപ്പില്‍
കൂട്ടിനെത്തുന്ന
അനേകം ചുവന്ന ദലങ്ങളിലൂടെ
ഞാനറിയുന്നത്
നിന്റെ ചൂടും ചൂരും
നിന്റെ ആത്മാവിലൂടെ
ദൈവത്തെയും.

(കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്)

Tuesday, December 19, 2006

ഒരു കേക്കിന്റെ അന്ത്യമൊഴി

(ഇന്ന് എന്റെ പിറന്നാള്‍, മരണത്തിലേക്കുള്ള ഒരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു എന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തുന്ന ദിവസം, ഒരു പിറന്നാള്‍ ആഘോഷത്തിനിടെ വീണു കിട്ടിയതാണ് ഈ കവിത)

ആഘോഷാരവങ്ങള്‍ക്കിടയില്‍
ആരു കേള്‍ക്കും
ബലിയാവുന്നവളുടെ ശബ്ദം

മുറിക്കപ്പെടുന്നതെങ്കിലും
പറയാന്‍ കാണും
എനിക്കും ചിലത്

മധുരമിശ്രണത്തില്‍
യോജ്യമായ ചൂടില്‍
പിറവി കൊണ്ടതിന്റെ
സായൂജ്യത്തെക്കുറിച്ച്

നിറങ്ങളില്‍ ഉടുത്തൊരുങ്ങിയപ്പോള്‍
സ്വന്തം സൌന്ദര്യത്തില്‍
ആര്‍ദ്രത പൂണ്ടതിനെക്കുറിച്ച്

പൊട്ടുതൊട്ട്
ആദ്യയാത്രക്കൊരുങ്ങിയതിന്റെ
ആഹ്ലാദത്തെപ്പറ്റി

സ്വീകരണമുറിയില്‍
പ്രിയനെക്കാത്തിരിക്കുമ്പോള്‍
മൂര്‍ദ്ദാവില്‍ അപ്രതീക്ഷിതം ആഴ്‌ന്നിറങ്ങുന്ന
വേദനയെക്കുറിച്ച്

അന്ത്യനിമിഷത്തില്‍ പക്ഷേ
നിങ്ങളുടെ സന്തോഷത്തില്‍
മധുരമാകാന്‍ കഴിഞ്ഞതിന്റെ
ചാരിതാര്‍ത്ഥ്യത്തെക്കുറിച്ച്

ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുന്നത്

Wednesday, December 13, 2006

കഴുകന്‍

നിലാവുള്ള രാത്രിയില്‍ മഞ്ഞുപോലെ
ദൂരെ നിന്നൊരേകാന്ത സംഗീതമായ്
ക്ലാവ് പറ്റിയ ചില ഓര്‍മ്മകളുമായ്
വീണ്ടുമവളെന്നെത്തേടിയെത്തി
മങ്ങിയ ഒരോര്‍മ്മ പതിയെ
ഒരു പടുവൃക്ഷമായി പന്തലിക്കുകയായിരുന്നു
മരവിപ്പിന്റെ നിസ്സംഗതയില്‍ നിന്നും
ജീവന്റെ കുതിപ്പിലേക്ക് മിടിക്കാന്‍ വെമ്പുന്ന
ഹൃദയത്തിലേക്ക് ബൈപാസ് ധമനിയായ്
ചുവന്ന വേരുകള്‍.


പകലിന്റെ വ്യഗ്രതയില്‍ നിന്ന്
രാത്രിയുടെ നീല വിസ്മയങ്ങളിലേക്ക്
സ്വപ്നങ്ങള്‍ നീളാന്‍ തുടങ്ങുമ്പോള്‍
ആത്മാവിന്റെ തൃഷ്ണകളെ
അവളിലേക്ക് മേയാന്‍ വിടാന്‍
എനിക്കിഷ്ടമാണ്

മസ്തിഷ്കത്തിന്റെ മുറിവുകളിലേക്ക്
തീനാമ്പുകള്‍ കരിഞ്ഞിറങ്ങുമ്പോള്‍
നൃത്തശാലയിലെ അരണ്ട വെളിച്ചത്തില്‍
യൌവ്വനാംഗങ്ങളുടെ രൌദ്രതാളം
മധു ചഷകത്തിലേക്ക് ആഴ്‌ന്നു മുങ്ങുമ്പോള്‍
അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായ്
ആരുമറിയാതെ എന്റെ മുന്നിലഴിഞ്ഞു വീഴും
അപ്പോഴെല്ലാം എന്നിലൊരു കഴുകനുണരും
മഞ്ഞുമൂടിയ മലനിരകള്‍ പിളര്‍ന്ന്
അവന്റെ ചിറകുകള്‍ അങ്ങാകാശത്തോളം
കൂര്‍ത്ത നഖങ്ങളില്‍ രക്തക്കൊതി

പിന്നീട് ഒരൊറ്റ രാത്രികൊണ്ട്
അവളുടെ ഹൃദയം തിന്നു തീര്‍ക്കുന്നു
ഒരൊറ്റ വിരലിനാല്‍ കാടുകള്‍ പിഴുതു മാറ്റുന്നു
നിഗൂഡമായ ആത്മദാഹങ്ങളുടെ കാ‍ണാകയങ്ങളില്‍
അവളോടൊപ്പം മുങ്ങിത്താഴുമ്പോള്‍
ഭാവനയില്‍ വീര്‍പ്പു മുട്ടുന്ന ഒരുപാട്
അശാന്തിയുടെ കവിതകള്‍
കരളിന്റെ കീറിപ്പറിഞ്ഞ കടലാസു യന്ത്രത്തില്‍
ഏതോ കാ‍ട്ടാള നീതിശാസ്ത്രത്തിന്‍ ദിശാസൂചികള്‍

Thursday, December 7, 2006

താഴ്‌വാരം

ഈ മനോഹാരമായ താഴ്‌വാരം
എന്നെ കരയിപ്പിക്കുന്നു
ഇളം കാറ്റ് കണ്ണീര്‍ തുടയ്ക്കുന്നു
പെയ്തു വീഴുന്ന മഞ്ഞുതുള്ളികള്‍
കരളിനെ കുളിരണിയിക്കുന്നു
എന്റെ കാവ്യ സഞ്ചയങ്ങളില്‍
ഒരു പൂക്കാലമുണരുന്നു

ഇരുളിലാണ്ടുപൊയ ബാല്യത്തിന്റെ
ഊടുവഴികളില്‍ പകച്ചു നിന്ന എന്നെ
ഇവിടേക്ക് കൊണ്ടുവന്നത്
നീയാണ്
അന്നാദ്യമായ് ഞാന്‍ നിലാവ് കണ്ടു
നിലാവിന്റെ തെളിമയില്‍
തിളങ്ങുന്ന നിന്റെ മിഴികള്‍ കണ്ടു
അതിന്റെ ആഴങ്ങളിലെവിടെയോ
സ്വപ്നങ്ങളില്‍ നിന്നടര്‍ന്നുപോയ
രത്നങ്ങള്‍ കണ്ടു.

കൌമാരത്തിന്റെ ശബളിമയില്‍
നമ്മുടെ നേരമ്പോക്കുകളിലെപ്പൊഴൊ
പൊഴിഞ്ഞു വീണ
കതിര്‍മണികളില്‍ രാവ് ചുംബിച്ചു

യൌവ്വനത്തിന്റെ
അതിപ്രലോഭിത സന്ധ്യകളില്‍
ചുവന്ന നിന്‍ കവിള്‍ത്തടങ്ങള്‍
അറിയാതെ മൊട്ടിട്ട വിയര്‍പ്പു തുള്ളികള്‍
അതിലെന്‍ നിശ്വാസങ്ങള്‍ പ്രതിബിംബിച്ചു

അനുഭൂതികളുടെ ദീപ്തസൌന്ദര്യം
ഒളീഞ്ഞും തെളിഞ്ഞുമൊരുപാട് കാലം
കാലത്തിന്റെ മഹാപ്രവാഹത്തിലെപ്പൊഴോ
രണ്ടായ് പിളര്‍ന്നപ്പോള്‍
ഞാനിപ്പുറവും നീയപ്പുറവും